ഇന്ന് നവോത്ഥാന നായകൻ ചട്ടമ്പി സ്വാമിയുടെ 169 ജയന്തി. 1853 ആഗസ്റ്റ് 25 ന് ചിങ്ങമാസത്തിലെ ഭരണി നാളിലായിരുന്നു തിരുവനന്തപുരം കണ്ണമ്മൂലയിൽ വാസുദേവ ശർമ്മയുടേയും നങ്ങമ്മയുടെയും മകനായി ഉള്ളൂർകോട് എന്ന നായർ തറവാട്ടിൽ ചട്ടമ്പിസ്വാമിയുടെ ജനനം. ആദ്യം അയ്യപ്പനെന്നും പിന്നീട് കുഞ്ഞനെന്ന വിളിപ്പേരിലുമാണ് ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്. കൊല്ലൂർ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൻ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേട്ട് പഠിച്ചാണ് ബാല്യത്തിൽ വിദ്യാഭ്യാസം നേടിയത്.
പിന്നീട് പേട്ടയിൽ രാമൻപിള്ളയാശാന്റെ കളരിയിൽ ചേർന്ന് സംസ്‌കൃതം പഠിക്കാൻ അവസരം കിട്ടി. അവിടെ വെച്ചാണ് ‘ചട്ടമ്പി’ എന്ന പേര് ലഭിക്കുന്നത്. ക്ലാസ്സ് ലീഡറുടെ ചുമതലയുണ്ടായിരുന്നതിനാലാണ് ചട്ടമ്പി ( ചട്ടം അൻപുക, നടപ്പിൽ വരുത്തുക) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് ജീവിതാവസാനം വരെ സ്വാമി ആ പേര് വിനയത്തിന്റെ പര്യായമായി കൊണ്ടു നടന്നു. അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍ സ്വയം വിദ്യകള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം ഉത്തമരായ ജിജ്ഞാസുക്കളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചു.
നീലകണ്ഠ തീർത്ഥപാദ സ്വാമികൾ, വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകൻ തീർത്ഥപാദ സ്വാമികൾ എന്നിവർ ചട്ടമ്പി സ്വാമികളുടെ സന്യാസ ശിഷ്യന്മാരാണ്. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ, ക്രിസ്തുമതച്ഛേദനം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം തുടങ്ങിയ കൃതികൾ ചട്ടമ്പിസ്വാമികളുടേതാണ്.
No comments:
Post a Comment