Sunday, 11 September 2022

വിശ്വവിജയദിനം-സെപ്റ്റംബർ 11


 1893 സപ്തംബര്‍ 11-ാം തീയതിയാണ് ചിക്കാഗോ പ്രസംഗം. ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. വേദോപനിഷത്തുക്കളിലെ മഹത്തായ തത്വങ്ങള്‍ വിശദീകരിച്ചപ്പോള്‍ സദസ്സ് അത്ഭുതസ്തബധരായി ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചിരുന്നു.


സ്വാമി വിവേകാനന്ദന്റെ പ്രസംഗം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. സ്വാമിജി പ്രസംഗിക്കാന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ അവിടെ തടിച്ചു കൂടുമായിരുന്നു. അത്രമേല്‍ ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു സ്വാമിജിയുടെ പ്രസംഗത്തിന്.


ചിക്കാഗോവിലെ ലോകമതമഹാസമ്മേളനത്തിന് പല രാജ്യങ്ങളില്‍ നിന്നും പല മതങ്ങളുടേയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. വാഗ്മികളായ മതപ്രതിനിധികള്‍ അവരവരുടെ മതങ്ങളുടെ മേന്മയെ ചൂണ്ടിക്കാട്ടി സംസാരിച്ചു.


സ്വാമിജിയുടെ കയ്യില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമൊന്നും ഉണ്ടായിരുന്നില്ല. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയേയും ഗുരുവര്യനായ ശ്രീരാമകൃഷ്ണദേവനേയും സ്മരിച്ചുകൊണ്ട് സ്വാമിജി പ്രസംഗമാരംഭിച്ചു.


”അമേരിക്കയിലെ സഹോദരി സഹോദരന്മാരെ” എന്നാണ് തുടങ്ങിയത്. സ്വാമിജിയുടെ പ്രസംഗം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചു. ശ്രോതാക്കള്‍ കൈയടിച്ച് ഹര്‍ഷാരവം മുഴക്കി. സ്വാമിജിയുടെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്തി. പണ്ഡിതന്മാരും വാഗ്മികളും സ്വാമിജിയുടെ മഹത്വത്തെ സമ്മതിച്ച് ആദരിച്ചു.

അമേരിക്കയില്‍ നിന്ന് സ്വാമിജി ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നിടത്തെല്ലാം ഒരു മഹാപുരുഷനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. രാജ്യഭക്തനായ സന്യാസി എന്ന നിലയിലും അദ്ദേഹത്തിന്റെ കീര്‍ത്തി പരുന്നു.


സകലമതസാഹോദര്യം ആഹ്വാനം ചെയ്ത സ്വാമിജിയുടെ വാക്കുകള്‍ ചിന്തകന്മാരേയും നേതാക്കളേയും പുളകം കൊള്ളിച്ചു. അയിത്തം, ജാതിഭേദങ്ങള്‍ തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരീകരിക്കുവാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതി കൂടിയേ കഴിയൂ എന്നു സ്വാമിജി പറഞ്ഞു

No comments:

Post a Comment

Kalamela logo 2024-25