മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉള്‍പ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം…
തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്.സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാ”നാട്ടറിവ്”. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ്, അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.
1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപര്‍ക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോര്‍’ എന്ന പദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. ആ ദിനത്തിന്‍റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഓഗസ്ത് 22 അന്താരാഷ്ട്ര ഫോക്ലോര്‍ദിനമായി ആചരിച്ചുപോരുന്നത്.
പാശ്ചാത്യനാടുകളില്‍ 18-ാംനൂറ്റാണ്ടില്‍ ആരംഭിച്ച ജനകീയ പഴമയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഫോക്ലോര്‍ എന്ന പഠനത്തിന് വഴിതെളിച്ചത്. 19-ാംനൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് ‘പഴമപഠന’ത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. ജര്‍മന്‍പണ്ഡിതന്മാരായ ഗ്രിം സഹോദരന്മാര്‍ ‘ഫോക്ലോറിസ്റ്റിക്സ്’ എന്ന പുത്തന്‍ സാംസ്‌കാരിക പഠനമേഖലയായി ഇതിനെ മാറ്റുകയായിരുന്നു. പഴമപഠനത്തിന് വോക്സ്‌കുണ്ടെ എന്ന പദമാണ് അവര്‍ ഉപയോഗിച്ചത്. 1846-ല്‍ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ വില്യം ജെ. തോംസ് ജനകീയപഴമയെ കുറിക്കാന്‍ ഫോക്ലോര്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചു.
സംഘം എന്നര്‍ഥം പറയാവുന്ന ‘ഫോക്’, വിജ്ഞാനം എന്ന അര്‍ഥമുള്ള ‘ലോര്‍’ എന്നീ രണ്ട് പദങ്ങളില്‍നിന്നുമാണ് ഫോക്ലോര്‍ എന്ന വാക്കുണ്ടായത്. ഫോക് എന്ന പദത്തിന് ജനസമൂഹമെന്നാണ് സാമാന്യാര്‍ഥമെങ്കിലും നിരക്ഷരരും അപരിഷ്‌കൃതരുമായ കൃഷിക്കാരെ ഉദ്ദേശിച്ചാണ് ആദ്യകാലത്ത് ഈ പദം പ്രയോഗിച്ചിരുന്നത്. എന്നാല്‍ പാരമ്പര്യസ്വഭാവം പ്രകടമാക്കുന്ന ഒരു സംഘം അഥവാ സമൂഹം എന്ന അര്‍ഥത്തിലാണ് ഈ പദം ഇന്ന് പ്രയോഗിച്ചുപോരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കാര്യമെങ്കിലും പൊതുവായി പങ്കിടുന്ന രണ്ടോ അതിലധികമോ പേരടങ്ങുന്ന ഒരു സംഘം അഥവാ സമൂഹമാണ് ഫോക്. അനുഭവത്തിലൂടെയും പഠനത്തിലൂടെയും കിട്ടുന്ന അറിവാണ് ലോര്‍. അതായത്, സമൂഹം പിന്‍പറ്റുന്ന പാരമ്പര്യമായ അറിവുകളാണ് ഫോക്ലോര്‍. ജനജീവിതത്തെ സംബന്ധിക്കുന്ന സമസ്ത അറിവുകളും ഫോക്ലോറിന്റെ പരിധിയില്‍ വരുന്നു. നാടോടിവിജ്ഞാനീയം എന്നും ഈ പഠനമേഖല അറിയപ്പെടുന്നു.
സമൂഹജീവിയായ മനുഷ്യന്‍റെ സ്വഭാവവും ജീവിതവും പഠിക്കുകയാണ് വാസ്തവത്തില്‍ ഫോക്ലോര്‍ ചെയ്യുന്നത്. നരവംശശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും മേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ് ആദ്യകാല ഫോക്ലോര്‍പഠനങ്ങള്‍ക്കും തുടക്കംകുറിച്ചിരുന്നത്. ജനതയെ അടുത്തറിയാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഫോക്ലോര്‍പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.നാടോടിജീവിതമാണ് ഫോക്ലോറിന്‍റെ അടിസ്ഥാനം. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, കളികള്‍, പലതരം വിനോദങ്ങള്‍, കൈവേല, കരവിരുത്, നാടന്‍ വാസ്തുവിദ്യ, നാടന്‍ വസ്ത്രവിദ്യ, നാട്ടുവൈദ്യം, നാടന്‍ പാചകം, നാടോടിക്കഥ, നാടന്‍ ഗാനം, നാടോടി ഇതിഹാസം, കടങ്കഥകള്‍, ചൊല്ലുകള്‍, നാടന്‍ ശൈലികള്‍, നാടോടിഭാഷണങ്ങള്‍, നാടോടിനാടകം, നാടോടിനൃത്തം, നാട്ടുസംഗീതം, നാടന്‍ ചിത്രകല തുടങ്ങിയവയെല്ലാം അതിന്‍റെ പരിധിയില്‍ പെടുന്നു.
ഗുണ്ടര്‍ട്ട്, ലോഗന്‍, പേഴ്സിമക്വിന്‍ തുടങ്ങിയ വിദേശപണ്ഡിതര്‍ മലയാളഭാഷാപഠനത്തിനും മറ്റുമായി നാടോടിപ്പാട്ടുകളും പഴഞ്ചൊല്ലുകളും ഉപയോഗപ്പെടുത്തിയതാണ് കേരളത്തിലെ പഴമ പഠനത്തിന്‍റെ ആദ്യ ചുവടുവയ്പ്. നാടന്‍പാട്ടുകള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ തുടങ്ങിയ ഫോക്ലോര്‍ ഘടകങ്ങളെല്ലാം വാമൊഴിയായാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ വാമൊഴിരൂപങ്ങള്‍ക്ക് പലതിനും വരമൊഴി രൂപങ്ങളുണ്ടായി
No comments:
Post a Comment