Friday, 26 August 2022

ദേശീയ കായിക ദിനം




ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ മേജര്‍ ധ്യാന്‍ചന്ദ് ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ കൊണ്ടാണ് ഹോക്കി ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നത്. ലോകം കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡ്‌ ആയിരുന്ന അദ്ദേഹം ഹോക്കിയിലെ തന്റെ അസാമാന്യപാടവം കൊണ്ട് ഹോക്കി മാന്ത്രികന്‍ എന്ന വിശേഷണത്തിന് അർഹമായി. അദ്ദേഹം കളിക്കുന്ന കാലയളവില്‍ മൂന്ന് ഒളിമ്പിക്സ് സ്വര്‍ണ്ണമെഡലുകള്‍ നേടി ഇന്ത്യയെ മികച്ച ഹോക്കിടീമുകളിലൊന്നാക്കി അദ്ദേഹം മാറ്റി.

1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് ധ്യാന്‍ ചന്ദ് ജനിച്ചത്. ഇന്ത്യൻ കരസേനയിലെ ഹോക്കി താരമായ സുമേഷ്‌ വാർ ദത്തിന്റെ പുത്രനായ അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ ധ്യാൻസിങ്‌ എന്നായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന ധ്യാൻ സിങ്‌, 17-ാ‍ം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തില്‍ ചേരും മുമ്പ് അദ്ദേഹം ഹോക്കി കളിച്ചിരുന്നില്ല, ഗുസ്തിയില്‍ ആയിരുന്നു കമ്പം. പിന്നീട് ഹോക്കിയിൽ താല്പര്യം തോന്നിയ അദ്ദേഹം പരിശീലനം ആരംഭിച്ചു. ദൈനംദിന ജോലികള്‍ക്ക് ശേഷമായിരുന്നു ഹോക്കി പരിശീലനം. നിലാവെളിച്ചത്തില്‍ മൈതാനത്ത് ഹോക്കി പരിശീലനം നടത്തുന്ന ധ്യാന്‍ സിംഗിന് ധ്യാന്‍ ചന്ദ് എന്ന ഇരട്ടപ്പേരും കിട്ടി. ആ പരിഹാസപ്പേര് പക്ഷേ പിന്നീട് ഇതിഹാസമായി മാറി.

ആര്‍മിക്ക് വേണ്ടി കളിച്ചാണ് ധ്യാന്‍ ചന്ദ് ശ്രദ്ധേയനാവുന്നത്. 1923-ൽ മീററ്റ്‌ ഹോക്കി ടൂർണമെന്റിൽ തന്റെ റജിമെന്റിനെ ജേതാക്കളാകുന്നതിൽ മുഖ്യപങ്ക്‌ വഹിച്ച ധ്യാന്‍ ചന്ദ്, 1924-ൽ പഞ്ചാബ്‌ നേറ്റീവ്‌ ഹോക്കി ടൂർണമെന്റിലും തന്റെ റജിമെന്റിനെ ജേതാക്കളാക്കി. 1926-ൽ ഇന്ത്യൻ കരസേന ടീമിന്‌ ആദ്യമായി വിദേശ പര്യടനം നടത്താൻ അവസരം ലഭിച്ചപ്പോൾ വെറും 21 വയസ്സുമാത്രം

പ്രായമുണ്ടായിരുന്ന ധ്യാൻ ചന്ദും ആ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലന്റിൽ രണ്ടുമാസം നീണ്ട പര്യടനത്തിൽ ആകെ കളിച്ച 21 മത്സരങ്ങളിൽ 18 ലും ഇന്ത്യൻ ആർമിക്കായിരുന്നു വിജയം. രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ ഒരുകളിയിൽ പരാജയപ്പെട്ടു. തുടക്കം മുതൽ സെന്റർ ഫോർവേഡായി കളിച്ച ധ്യാൻ ചന്ദ് ആയിരുന്നു ഭൂരിപക്ഷം ഗോളുകളും നേടിയത്.


പിന്നീട് ഇന്ത്യൻ ടീമിന്റെ ഭാഗമായ അദ്ദേഹം, 1928-ൽ ആംസ്റ്റര്‍ഡാമില്‍ വച്ച് നടന്ന ഒളിമ്പിക്സില്‍ 14 ഗോളുകള്‍ നേടി ഇന്ത്യയെ ജേതാക്കളാക്കി കൊണ്ട് തന്റെ ആദ്യ ഒളിംപിക്‌സ് ഗോൾഡ് മെഡൽ സ്വന്തമാക്കി. 1932- ലെ ലോസാഞ്ചൽസ്‌ ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് തൻ്റെ ഹോക്കിയിലെ മാന്ത്രികത പുറത്തെടുത്തു. ഇത് അദ്ദേഹത്തെ വീണ്ടും ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവാകാൻ സഹായിച്ചു. ആ ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ ഒന്നിനെതിരെ 24 ഗോളുകൾക്ക് തോൽപിച്ചത്‌ എക്കാലത്തേയും റെക്കോഡാണ്‌. 1934-ൽ വെസ്റ്റേൺ ഏഷ്യാറ്റിക്‌ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ നയിച്ചത്‌ ധ്യാൻ ചന്ദായിരുന്നു. അന്നാണ്‌ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ആദ്യമായി ക്യാപ്റ്റൻ ആവുന്നത്. 1935 ലെ ഓസ്ട്രിയ-ന്യൂസിലന്റ്‌ പര്യടന വേളയിലെ ക്യാപ്റ്റൻ ധ്യാൻ ചന്ദായിരുന്നു. 1936 ബർലിൻ ഒളിമ്പിക്സിലാണ് ധ്യാൻ ചന്ദ്‌ ആദ്യമായി ഇന്ത്യയെ ഒളിമ്പിക്സിൽ നയിച്ചത്‌. ആ വർഷം ബെര്‍ലിന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു "ഹോക്കി സ്റ്റേഡിയത്തില്‍ വരൂ, കാണൂ, ഇന്ത്യന്‍ മാന്ത്രിക കായികതാരം ധ്യാന്‍ചന്ദിന്‍റെ പ്രകടനങ്ങള്‍". ബർലിൻ ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ, ജർമനിയും ഇന്ത്യയും ഏറ്റുമുട്ടുന്ന മത്സരം നേരിട്ടുകാണാൻ സാക്ഷാൽ ഹിറ്റ്ലറുമുണ്ട് ഗാലറിയിൽ. ഒരുഗോളിന് പിന്നിട്ടു നിന്ന ഇന്ത്യ പിന്നീട് എട്ടു ഗോളുകൾ എതിരാളിയുടെ വലയിലെത്തിച്ചു. അതിൽ ആറും ക്യാപ്റ്റനായ ധ്യാൻ ചന്ദിന്റെ സ്റ്റിക്കിൽ നിന്നും ആയിരുന്നു. അതോടെ തന്റെ മൂന്നാം ഒളിമ്പിക്സ് ഗോൾഡ് മെഡലും അദ്ദേഹം സ്വന്തമാക്കി. 1944 ലും 1949 ലും രണ്ടാംലോക മഹായുദ്ധംമൂലം ഒളിമ്പിക്സ്‌ മുടങ്ങിയില്ലായിരുന്നുവെങ്കിൽ ധ്യാൻ ചന്ദിന്റെ ഒളിമ്പിക്സ്‌ നേട്ടങ്ങൾ കൂടുതൽ ഉന്നതങ്ങളിൽ എത്തിയേനെ.

1947-ൽ ഇന്ത്യയുടെ ഈസ്റ്റ്‌ ആഫ്രിക്കൻ പര്യടനവേളയിൽ 42-ാ‍ം വയസ്സുകാരനായ ധ്യാൻ ചന്ദ്‌ 61 തവണയാണ്‌ ഗോൾ വലയം ഭേദിച്ചത്‌. അന്ന്‌ ഇന്ത്യ കളിച്ചതാവട്ടെ 22 മത്സരങ്ങളും. ശിപായിയായി ജീവിതം ആരംഭിച്ച്‌ മേജറായി പിരിഞ്ഞ ധ്യാൻ ചന്ദിന്റെ ജീവിതകഥ ഹോക്കിയുടെ ചരിത്രമാണ്‌. ജീവിതത്തിന്‍റെ അവസാനനാളുകള്‍ അദ്ദേഹം തന്‍റെ ജന്മസ്ഥലമായ ഝാന്‍സി(ഉത്തര്‍പ്രദേശ്) യില്‍ ചെലവഴിച്ചു. 1979 ഡിസംബര്‍ 3-ന് അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് മരണമടഞ്ഞു. ഇതിഹാസകായികതാരമായ ധ്യാന്‍ ചന്ദിന്‍റെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 29 ഇന്ത്യ ദേശീയ കായിക ദിനമായി കൊണ്ടാടുന്നു. 1956-ല്‍ ഇന്ത്യ ഗവണ്‍മെന്‍റ് അദ്ദേഹത്തിന് പരമോന്നതബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു

Monday, 22 August 2022

ഇന്ന് ലോക നാട്ടറിവ് ദിനം.. !

 

മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉള്‍പ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം…


തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്.സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാ”നാട്ടറിവ്”. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ്, അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.

1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപര്‍ക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോര്‍’ എന്ന പദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. ആ ദിനത്തിന്‍റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഓഗസ്ത് 22 അന്താരാഷ്ട്ര ഫോക്ലോര്‍ദിനമായി ആചരിച്ചുപോരുന്നത്.

പാശ്ചാത്യനാടുകളില്‍ 18-ാംനൂറ്റാണ്ടില്‍ ആരംഭിച്ച ജനകീയ പഴമയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ഫോക്ലോര്‍ എന്ന പഠനത്തിന് വഴിതെളിച്ചത്. 19-ാംനൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് ‘പഴമപഠന’ത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. ജര്‍മന്‍പണ്ഡിതന്മാരായ ഗ്രിം സഹോദരന്മാര്‍ ‘ഫോക്ലോറിസ്റ്റിക്സ്’ എന്ന പുത്തന്‍ സാംസ്‌കാരിക പഠനമേഖലയായി ഇതിനെ മാറ്റുകയായിരുന്നു. പഴമപഠനത്തിന് വോക്സ്‌കുണ്ടെ എന്ന പദമാണ് അവര്‍ ഉപയോഗിച്ചത്. 1846-ല്‍ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ വില്യം ജെ. തോംസ് ജനകീയപഴമയെ കുറിക്കാന്‍ ഫോക്ലോര്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചു.

സംഘം എന്നര്‍ഥം പറയാവുന്ന ‘ഫോക്’, വിജ്ഞാനം എന്ന അര്‍ഥമുള്ള ‘ലോര്‍’ എന്നീ രണ്ട് പദങ്ങളില്‍നിന്നുമാണ് ഫോക്ലോര്‍ എന്ന വാക്കുണ്ടായത്. ഫോക് എന്ന പദത്തിന് ജനസമൂഹമെന്നാണ് സാമാന്യാര്‍ഥമെങ്കിലും നിരക്ഷരരും അപരിഷ്‌കൃതരുമായ കൃഷിക്കാരെ ഉദ്ദേശിച്ചാണ് ആദ്യകാലത്ത് ഈ പദം പ്രയോഗിച്ചിരുന്നത്. എന്നാല്‍ പാരമ്പര്യസ്വഭാവം പ്രകടമാക്കുന്ന ഒരു സംഘം അഥവാ സമൂഹം എന്ന അര്‍ഥത്തിലാണ് ഈ പദം ഇന്ന് പ്രയോഗിച്ചുപോരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കാര്യമെങ്കിലും പൊതുവായി പങ്കിടുന്ന രണ്ടോ അതിലധികമോ പേരടങ്ങുന്ന ഒരു സംഘം അഥവാ സമൂഹമാണ് ഫോക്. അനുഭവത്തിലൂടെയും പഠനത്തിലൂടെയും കിട്ടുന്ന അറിവാണ് ലോര്‍. അതായത്, സമൂഹം പിന്‍പറ്റുന്ന പാരമ്പര്യമായ അറിവുകളാണ് ഫോക്ലോര്‍. ജനജീവിതത്തെ സംബന്ധിക്കുന്ന സമസ്ത അറിവുകളും ഫോക്ലോറിന്റെ പരിധിയില്‍ വരുന്നു. നാടോടിവിജ്ഞാനീയം എന്നും ഈ പഠനമേഖല അറിയപ്പെടുന്നു.

സമൂഹജീവിയായ മനുഷ്യന്‍റെ സ്വഭാവവും ജീവിതവും പഠിക്കുകയാണ് വാസ്തവത്തില്‍ ഫോക്ലോര്‍ ചെയ്യുന്നത്. നരവംശശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും മേഖലകളില്‍ വ്യാപരിച്ചിരുന്നവരാണ് ആദ്യകാല ഫോക്ലോര്‍പഠനങ്ങള്‍ക്കും തുടക്കംകുറിച്ചിരുന്നത്. ജനതയെ അടുത്തറിയാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഫോക്ലോര്‍പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.നാടോടിജീവിതമാണ് ഫോക്ലോറിന്‍റെ അടിസ്ഥാനം. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, കളികള്‍, പലതരം വിനോദങ്ങള്‍, കൈവേല, കരവിരുത്, നാടന്‍ വാസ്തുവിദ്യ, നാടന്‍ വസ്ത്രവിദ്യ, നാട്ടുവൈദ്യം, നാടന്‍ പാചകം, നാടോടിക്കഥ, നാടന്‍ ഗാനം, നാടോടി ഇതിഹാസം, കടങ്കഥകള്‍, ചൊല്ലുകള്‍, നാടന്‍ ശൈലികള്‍, നാടോടിഭാഷണങ്ങള്‍, നാടോടിനാടകം, നാടോടിനൃത്തം, നാട്ടുസംഗീതം, നാടന്‍ ചിത്രകല തുടങ്ങിയവയെല്ലാം അതിന്‍റെ പരിധിയില്‍ പെടുന്നു.

ഗുണ്ടര്‍ട്ട്, ലോഗന്‍, പേഴ്സിമക്വിന്‍ തുടങ്ങിയ വിദേശപണ്ഡിതര്‍ മലയാളഭാഷാപഠനത്തിനും മറ്റുമായി നാടോടിപ്പാട്ടുകളും പഴഞ്ചൊല്ലുകളും ഉപയോഗപ്പെടുത്തിയതാണ് കേരളത്തിലെ പഴമ പഠനത്തിന്‍റെ ആദ്യ ചുവടുവയ്പ്. നാടന്‍പാട്ടുകള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ തുടങ്ങിയ ഫോക്ലോര്‍ ഘടകങ്ങളെല്ലാം വാമൊഴിയായാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ വാമൊഴിരൂപങ്ങള്‍ക്ക് പലതിനും വരമൊഴി രൂപങ്ങളുണ്ടായി

Kalamela logo 2024-25